Wednesday, December 29, 2010

എന്‍റെ വാവ ( തുടര്‍ച്ച )

കണ്ണു നീര്‍ തീര്‍ത്ത നേര്‍ത്ത മറയ്ക്കുള്ളിലൂടെ ഞാന്‍ ...എന്നിലെ അച്ഛന്‍റെ ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷങ്ങളെ കണ്ടു നിന്നു....പലവിധം പൂക്കളാല്‍ അലങ്കരിച്ച,..., നിറ കതിരും നിലവിളക്കും, സര്‍വേശ്വരന്‍മാരും സാക്ഷിയായി കൊട്ടും കുരവയും നാദസ്വര മേളവും മുഴങ്ങിയപ്പോള്‍ എന്‍റെ വാവ വിവാഹിതയാകുന്നു ....പൂക്കള്‍ വിതറി എല്ലാവരും മംഗളം ആശംസിച്ചപ്പോള്‍ അവളെ കൈ പിടിച്ചു കൊടുത്തപ്പോള്‍ മനസുരുകി പ്രാര്‍ത്ഥിച്ചു അനുഗ്രഹിച്ചു ' ദീര്‍ഘ സുമംഗലി ആയിരിക്കാന്‍ ....ഒരു ആയുസിന്‍റെ ..എന്‍റെ ജന്മത്തിന്‍റെ പുണ്യം...ഒരു ഒറ്റപ്പെടലിന്‍റെ കാലത്ത് എന്‍റെ ജീവിതത്തിലേക്ക് വന്നു ചേര്‍ന്നവള്‍...എന്‍റെ വാവ ..എന്‍റെ പോന്നു മോള്‍ ...
 യാത്ര പറയാന്‍ ഒരുങ്ങുമ്പോള്‍ വിതുമ്പി കരഞ്ഞു കൊണ്ട് എന്‍റെ നെഞ്ചിലേക്ക് ചേര്‍ന്നു അവള്‍ ..ഇനി നെഞ്ചിലെ ചൂടില്‍ നിന്നും വേറിട്ട്‌ പുതിയൊരു ലോകത്തേക്ക് അവള്‍ പറിച്ചു നടപ്പെടുന്നു ....ഇനി പുതിയൊരു ജീവിതം ...അവളുടെ നെറുകയിലെ സിന്തൂരം കണ്ടപ്പോള്‍ എന്‍റെ മനസിലെ സന്തോഷം എങ്ങനെ പറയും ഞാന്‍ ...അറിയില്ല എനിക്ക് ...കരഞ്ഞുകൊണ്ടല്ല നിറഞ്ഞ മനസ്സോടെ ചിരിച്ച മുഖത്തോടെ വേണം എന്‍റെ മകള്‍ യാത്രയാകാന്‍ എന്ന് പറഞ്ഞപ്പോള്‍ എന്‍റെ സ്വരം വല്ലാതെ ഇടറിയിരുന്നു ....കാറിലേക്ക് കയറുമ്പോള്‍ എന്‍റെ കയ്യില്‍ അവള്‍ വല്ലാതെ മുറുകെ പിടിച്ചിരുന്നു ....പിച്ച വച്ചു നടന്നപ്പോള്‍ കുഞ്ഞു കൈ കൊണ്ട് എന്‍റെ വിരലില്‍ തൂങ്ങി നടന്നവള്‍ ....ഇന്ന് എന്‍റെ ലോകത്ത് നിന്നും മറ്റൊരിടത്തേക്ക് ...എന്‍റെ കണ്ണുകളും നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു ...വാദ്യഘോഷങ്ങളും  ആരവങ്ങളും ഒഴിയുമ്പോള്‍   അമരക്കാരന്‍ ഇന്ന് ഒറ്റയ്ക്കാകുന്നു ....ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ആ പഴയ ശൂന്യത എന്‍റെ മനസ്സില്‍ നിറയുന്നു ....ആളൊഴിഞ്ഞ പന്തലില്‍ ഏറെ നേരം ഒറ്റയ്ക്കിരുന്നു ....പിന്നെ തിരികെ വീട്ടിലേക്ക് ....സ്റ്റീരിയോയിലെ ഗസല്‍ മാന്ത്രികന്‍റെ മധുര സ്വരത്തിനും എന്‍റെ മനസിനെ സാന്തമാക്കാന്‍ കഴിയുന്നില്ല....ഒരു കാലഘട്ടത്തോളം എന്‍റെ യാത്രകളില്‍ എന്‍റെ എന്നും അവളും ഉണ്ടായിരുന്നു ...ഓര്‍മ്മകള്‍ ചികയുമ്പോള്‍ കണ്ണു പിന്നെയും തുളുമ്പി ....
 ഇനി എത്ര കാലം എന്ന്‌ അറിയില്ല എങ്കിലും ഈ യാത്രയുടെ അവസാനം അധികം വിദൂരമല്ല എന്ന സത്യം എന്നെ പോലെ അവള്‍ക്കും അറിയാം ...എന്‍റെ ശ്വാസ കോശത്തെ  കാര്‍ന്നു തിന്നുന്ന അര്‍ബുദം എന്ന സത്വം എപ്പോള്‍  വേണമെങ്കിലും എന്നെ കീഴ്പെടുത്താം ...
  ഒരു രക്ത ബന്ധത്തെക്കാളും ആഴമുളള ബന്ധം..... അവളെന്‍റെ രക്തം അല്ല എന്ന സത്യം  ഞാനും അവളും ..മറ്റുള്ളവരും മറന്നിരിക്കുന്നു ...ഈ ജീവിതത്തിന്‍റെ ലക്‌ഷ്യം ഏറെ കുറെ പൂര്‍ത്തിയായിരിക്കുന്നു ...ഇനി എനിക്ക് സമാധാനത്തോടെ മടങ്ങാം ...
 എന്‍റെ വീടിന്‍റെ ഗേറ്റ് കടന്നു കാര്‍ കയറുന്നു ...രാവിലെ ഇവിടമാകെ  ആളുകള്‍ നിറഞ്ഞിരുന്നു .... ഇപ്പോള്‍ ശൂന്യത ..മനസിന്‍റെ വിങ്ങല്‍ ശരീരത്തെ  വല്ലാതെ തളര്‍ത്തിയിരിക്കുന്നു ...ആള്‍ക്കൂട്ടത്തിനിടയിലൂടെ അവള്‍ നടന്നിറങ്ങിയ പടികള്‍ ..തിരികെ ഇപ്പോള്‍ ഞാന്‍ മാത്രം ...ഒരു നെടുവീര്‍പ്പോടെ പൂമുഖത്തെ ചാരു കസേരയിലേക്ക്  ഞാനിരുന്നു ...എന്‍റെ വാവ ഓടിക്കളിച്ച മുറ്റം ..എന്‍റെ കൈവിരല്‍ തൂങ്ങി നടന്നവള്‍ ...ഒരു അമ്മയില്ലാത്ത വേദന അവള്‍ ഒരിക്കലും അറിഞ്ഞിട്ടില്ല ..അമ്മയില്ലാതെ ഒരു പെണ്‍ കുഞ്ഞിനെ വളര്‍ത്തിയപ്പോള്‍ അവളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും ഞാന്‍ അനുഭവിച്ച മാനസിക സംഘര്‍ഷം ...ഇന്നതൊക്കെ ഒരു സുഖമുള്ള ഓര്‍മകളാണ് ....ആ സ്വാതന്ത്ര്യങ്ങളില്‍ അവള്‍ക്കു ഞാന്‍ അമ്മയും അച്ഛനും ഒരു നല്ല സുഹൃത്തും ഒക്കെ ആയിരുന്നു ....എന്തിനും ഏതിനും എന്‍റെ മകള്‍ എന്നിലേക്ക്‌ ഓടി എത്തിയിരുന്നു ....ഒരിക്കല്‍ പോലും എന്‍റെ മനസിനെ നോവിക്കാതെ ഇത്രയും കാലം ......എന്‍റെ ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും  ശരിയായ  തീരുമാനം കാലം അത് തെളിയിച്ചിരിക്കുന്നു ...
      സായാഹ്നം ഇരുള്‍ പടര്‍ത്തിയിരിക്കുന്നു ...ഉമ്മറത്തെ ചാരു കസേര വിട്ട് ഞാന്‍ പതിയെ അകത്തേക്ക് നടന്നു ..അവളുടെ ഒച്ചയും ബഹളവുമില്ലാതെ ഈ വീട് ഉറങ്ങിയിരിക്കുന്നു ..ഇപ്പോള്‍ ഒരു ശൂന്യത മനസിലെന്നപോലെ പുറത്തും ....
  തുറന്നു വിട്ട ഷവറിന്‍റെ കീഴില്‍ നില്‍ക്കുമ്പോള്‍ പിന്നെയും കണ്ണുകള്‍ നിറഞ്ഞു തുളുമ്പി ..ഏറെ നേരം അങ്ങനെ നിന്നു ....നുരഞ്ഞു വീഴുന്ന വെള്ളത്തില്‍ എന്‍റെ കണ്ണു നീരും തേങ്ങലും അലിഞ്ഞു ചേര്‍ന്നു ....ഒടുവില്‍ തല തോര്‍ത്തി മുറിയിലേക്ക് നടന്നു ഈ നിശബ്ദത  എന്നില്‍ വല്ലാത്ത ഒരു മരവിപ്പ് സൃഷ്ടിക്കുന്നുണ്ട് ...ഡ്രസ്സ്‌ മാറുമ്പോള്‍ അറിയാതെ കണ്ണുകള്‍ ആ മേശ പുറത്തേക്ക് പോയി ...എന്‍റെ ഡയറി അത് നിറയെ അവളോട്‌ പറയാനുള്ള കാര്യങ്ങളായിരുന്നു ...അവള്‍ അത് വായിച്ചിരുന്നു ...ഒരു മകളെ കുറിച്ച് അച്ഛനുള്ള ആശങ്കകളും ഉത്ഘണ്ടകളും ആയിരുന്നു അതില്‍ നിറയെ ... പലപ്പോഴും നേരില്‍ പറയാന്‍  വിഷമം തോന്നിയ ഓരോന്നും ഞാന്‍ അതില്‍ കുറിച്ചിരുന്നു  അതൊക്കെ അവള്‍ വായിച്ചു അറിഞ്ഞിരുന്നു ...ഒരു പക്ഷെ അതുകൊണ്ടൊക്കെ ആകണം എന്‍റെ മനസിനൊപ്പം ജീവിക്കാന്‍ അവള്‍ക്കു കഴിഞ്ഞിരുന്നു ....
 അവള്‍ക്കു വളകളും പൊട്ടും കുഞ്ഞുടുപ്പുകളും വാങ്ങിയപ്പോള്‍ അവയൊക്കെ അണിയിച്ചു ,,സ്കൂള്‍ ബാഗില്‍ പുസ്തകം നിറച്ചു മുടി ചീകി കൊടുത്ത് യാത്രയാക്കുമ്പോള്‍ ..നിനക്ക് വച്ചു വിളമ്പിയപ്പോള്‍ ...എന്‍റെ തോളില്‍ കിടത്തി ഉറക്കിയപ്പോള്‍ ...ആദ്യാക്ഷരം എഴുതിപ്പിച്ചപ്പോള്‍ ചിത്രങ്ങളില്‍ കൈ പിടിച്ചു നിറം പകര്‍ത്തിയപ്പോള്‍ ..നിന്‍റെ കുസൃതികളിലും  പരിഭവങ്ങളിലും പങ്കു ചേര്‍ന്നപ്പോള്‍ ഞാന്‍ അനുഭവിച്ച സുഖം .....ഈ ജന്മത്തിന്‍റെ  പുണ്യം .എല്ലാ ദുഖങ്ങളും ഞാന്‍ മറന്നിരുന്നു ...നിന്‍റെ കാതു കുത്തിയപ്പോള്‍ നിര്‍ത്താതെയുള്ള നിന്‍റെ കരച്ചില്‍ കാതില്‍ നിന്നും പൊടിഞ്ഞ രണ്ടു തിള്ളി രക്തം ..എന്നെ എത്രത്തോളം വേദനിപ്പിച്ചു .....എന്‍റെ മുടിയിഴകള്‍ക്കിടയില്‍ ആദ്യം നര കണ്ടപ്പോള്‍ നിന്‍റെ മുഖം വാടിയതും ...ഒരു മുന്നറിയിപ്പെന്നപോലെ ആദ്യമായി എന്‍റെ മൂക്കില്‍ നിന്നും രക്തം ഒഴുകി ഇറങ്ങിയപ്പോള്‍ നീ അലറി കരഞ്ഞതും ...ഇന്നും എന്‍റെ മനസിലുണ്ട്...ഒക്കെ മധുരമുള്ള ഓര്‍മ്മകള്‍ ...
 .
  മനസിന്‍റെ തളര്‍ച്ച ...ശരീരത്തിലും പടര്‍ന്നു ..ഷെല്‍ഫില്‍ നിന്നും ബ്ലാക്ക്‌ ലേബലിന്‍റെ  മൂടി തുറന്നു ഗ്ലാസിലേക്കു പകര്‍ന്നു ഏറെ കാലത്തിനു ശേഷം ,....ഈ ശീലമൊക്കെ    മറന്നിരുന്നു ഞാന്‍ പക്ഷെ ഇന്ന് ..ഒരു ലാര്‍ജിന്‍റെ ലഹരിക്കും എന്നെ ശാന്തന്‍ ആക്കാന്‍  കഴിയുന്നില്ല ..പിന്നെയും ഗ്ലാസ്‌ നിറഞ്ഞൊഴിഞ്ഞു ....അടി ഉറയ്ക്കാത്ത   പാദങ്ങളോടെ ആ അകത്തളത്തിന്‍റെ    തൂണ് ചാരി ഞാന്‍ ഇരുന്നു...മനസ് നിറയെ സുമംഗലിയായ എന്‍റെ മോളുടെ മുഖമായിരുന്നു ...രാവിന്‍റെ പാതിയില്‍ ...എന്‍റെ അകത്തളത്തില്‍ ആശ്വസിപ്പിക്കാനെന്നവണ്ണം ഒരു നേര്‍ത്ത ഇരമ്പലോടെ എന്‍റെ രാത്രിമഴ ....ആ ഇരമ്പലിനു    കാതോര്‍ക്കുമ്പോള്‍ എനിക്ക് വല്ലാതെ ശ്വാസം മുട്ടുന്നുണ്ടായിരുന്നു ...ചിതറി വീഴുന്ന മഴതുള്ളികളിലേക്ക് കണ്ണു നട്ടിരുന്നപ്പോള്‍ എന്‍റെ നാസികകളിലൂടെ ഒഴുകി ഇറങ്ങിയ രക്തം എന്‍റെ വസ്ത്രങ്ങളില്‍ പടര്‍ന്നിരുന്നു ...........

                                                                                                വിമല്‍ ദേവ് ...