Thursday, August 26, 2010

മടക്കയാത്രയ്ക്ക് ഒരുങ്ങുന്നവന്‍

ഇന്നു ഞാന്‍ ഏകനാണ്  ജീവിതത്തിന്‍റെ ഈ വൈകിയ വേളയില്‍ ഈ ഫ്ലാറ്റില്‍ ഞാന്‍ ....എന്‍റെ സ്വപ്നങ്ങളില്‍ പോലും ഇങ്ങനെ ഒരു ജീവിതം ഉണ്ടായിരുന്നില്ല ഒരിക്കലും ...45 വര്‍ഷത്തെ പ്രവാസ ജീവിതത്തിനോടുവില്‍ ഞാന്‍ ഇന്നു ഇവിടെ ഈ കൊച്ചിയില്‍ ...എന്തിനു വേണ്ടിയായിരുന്നു ഇങ്ങനെ ജീവിതം വഴിതിരിച്ചു വിട്ടതെന്ന് വ്യക്തമായി എനിക്കും പറയാന്‍ കഴിയില്ല ...ഒക്കെ ഒരു തോന്നലായിരുന്നു ...ഒരിക്കല്‍ മനസ്സില്‍ ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു എനിക്ക് ..സ്വന്തം വീട് . ആ വീടിന്‍റെ ഓരോ മുക്കും മൂലയും ഞാന്‍ മനസ്സില്‍ വരച്ചിട്ടിരുന്നു ...എന്നും രാത്രികളില്‍ ഞാന്‍ സ്വപ്നം കണ്ടിരുന്നു എന്‍റെ വീട്ടിലെ ഓരോ രാവുകളും ...ഒരു നാലുകെട്ട് ..നിനക്കറിയാമോ ?രാത്രി മഴ എനിക്കേറെ ഇഷ്ടമായിരുന്നു ...എന്നും എന്‍റെ വീടിന്‍റെ അക തളത്തില്‍ പെയ്തിറങ്ങുന്ന രാത്രി മഴ ...ആ മഴ കണ്ടു ഞാന്‍ കിടക്കുമായിരുന്നു നേരം പുലരുവോളം ...ആ തണുത്ത പുലരികള്‍ക്ക് ഒരുപാടു ഭംഗി ഉണ്ടായിരുന്നു ....ഒരു കോഫിയും എടുത്ത് ഉമ്മറത്തെ കസേരയില്‍ പത്രവും വായിച്ചിരിക്കാന്‍ ....പുറത്തേക്കു നോക്കുമ്പോള്‍ മഴ കുതിര്‍ത്ത നെല്പാടങ്ങള്‍ ....പുല്ലു പടര്‍ത്തിയ മുറ്റം നിറയെ മഴത്തുള്ളികള്‍ പുല്‍ നാമ്പുകളില്‍ ....പക്ഷെ അവിടയും ഞാന്‍ ഒറ്റയ്ക്കായിരുന്നു ...ഒരിക്കല്‍ ഒരാള്‍ക്ക്‌ വേണ്ടിയാണു ഞാന്‍ ആ വീട് മനസ്സില്‍ വരച്ചത് ....മുട്ടോളം മുടി നീട്ടി വളര്‍ത്തിയ ..വിടര്‍ന്ന കണ്ണുകളുള്ള ..മുക്കുത്തിയിട്ട...ആ പെണ്‍കുട്ടി ....പക്ഷെ അവള്‍ വന്നില്ല ..പിന്നീടു ഒരാള്‍ക്കും ആ വീട്ടില്‍ എന്‍റെ സ്വപ്നങ്ങളില്‍ കടന്നു വരാന്‍ കഴിഞ്ഞിട്ടില്ല ....അതോടെ ആ വീട്ടില്‍ ഞാന്‍ ഒറ്റയ്ക്കായി .... ബന്ധങ്ങളെ ഏറെ ഇഷ്ടപെട്ടിരുന്ന എനിക്ക് അന്യമായി നിന്നതും ബന്ധങ്ങള്‍ തന്നെ ആയിരുന്നു ...ഒരുപാട് അഡ്ജസ്റ്റ് ചെയ്ത് ഞാന്‍ കാത്തു സൂക്ഷിച്ച കുറെ ബന്ധങ്ങള്‍ ..രക്ത ബന്ധവും സ്നേഹ ബന്ധവും ..അങ്ങനെ ...ഒടുവില്‍ മറ്റുള്ളവരുടെ മത്സരത്തിനു മുന്നില്‍ ഞാന്‍ തോറ്റു എന്നെന്നേക്കുമായി അങ്ങനെ ഞാന്‍ ജീവിതത്തിലും ഒറ്റയ്ക്കായി ..ഒരുപാട് ദൂരെ ആര്‍ക്കും പിടി കൊടുക്കാതെ ...ഞാന്‍ എന്‍റെ മൊബൈല്‍  നമ്പര്‍ മാറി ..പിന്നീടൊരിക്കലും എന്‍റെ ബന്ധുക്കള്‍ ആരും എന്നെ വിളിച്ചിട്ടില്ല ,പിന്നീട് നാട്ടിലേക്ക് പോയിട്ടുമില്ല ...പരസ്പരം മത്സരിക്കുന്ന ബന്ധങ്ങളെക്കാള്‍ നല്ലത് അങ്ങനെ കെട്ടുപാടുകള്‍ ഇല്ലാത്തതാണ് എന്ന്‌ മനസ് പറഞ്ഞു ...
 അങ്ങനെ പറഞ്ഞ്‌ ഒഴിഞ്ഞങ്കിലും ആ നഷ്ടങ്ങളുടെ വില പകരം വയ്ക്കാന്‍ കഴിയാത്തതാണ് .അനാഥനെ പോലെ ആരോരുമില്ലാതെ ...നിനക്കറിയുമോ ആ വേദന ..അത് ഒരു അനാഥന്‍റെ വേദനയിലും അപ്പുറമാണ് ...
    രക്തബന്ധങ്ങള്‍  മനസിലാക്കാത്ത എന്നെ മറ്റൊരാള്‍ക്ക്‌ മുന്നിലും തുറന്നു കാണിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല ..ആരോരുമില്ലാത്ത എനിക്ക് അങ്ങനെ എന്‍റെ എല്ലാ സ്വപ്നങ്ങളും നഷ്ടമായി എന്‍റെ സ്വപ്നമായ ആ വീടും അതിന്‍റെ നിലവിളക്കും ...പിന്നീട് ലഹരിയുടെയും ഭാവനകളുടെയും ലോകത്ത് ഞാന്‍ ....ഞാന്‍ എന്ന എഴുത്തുകാരന്‍ അങ്ങനെ ജനിച്ചു ...മനസ്സില്‍ തോന്നിയത് തുറന്നെഴുതി ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി ..എനിക്കിഷ്ടമല്ല ഈ പൊള്ളത്തരങ്ങള്‍ ...ആര്‍ക്കും ആരോടും ആത്മാര്‍ഥത ഇല്ലാത്ത ഈ ലോകത്ത് ഒക്കെ ഒരു പ്രഹസനം മാത്രമെന്ന് മനസിലാക്കുന്നവര്‍ വളരെ വിരളം .....ഒരുപാട് നാടുകള്‍ ..ഒരിടം മടുത്തു തുടങ്ങുമ്പോള്‍  അടുത്ത നാടുകള്‍ തേടി ...ഒടുവില്‍ ഇപ്പോള്‍ ഏത് നിമിഷവും അവസാനിക്കാവുന്ന ഒരു ജീവിതം  ..കടപ്പാടുകള്‍ ഒന്നുമില്ല ..ഒടുവില്‍ മനസ് പറഞ്ഞു ഒടുക്കം തുടങ്ങിയടുത്തു തന്നെ ആകണമെന്ന് ....മദ്യം ആയുസിന്‍റെയും ആരോഗ്യത്തിന്‍റെയും ഏറിയ ഭാഗവും കവര്‍ന്നെടുത്തിരിക്കുന്നു ...എന്‍റെ ഒടുക്കം ഇവിടെ ഈ മണ്ണില്‍ ....ഇനി മടക്കയാത്രയ്ക്ക് മനസോരുക്കുന്നു ഞാന്‍ ....രാത്രിമഴ ഇല്ലാത്ത രാവ് പുലരിക്ക് വഴിമാറുന്നു അപ്പോളും നിദ്ര എന്നെ വിട്ടകന്നു നിന്നു ...................................